Tuesday, November 27, 2012

മോഹിയ്ക്കുമൊരു ജന്‍മം

ജനിമൃതികളില്‍ പിടയുന്നൊരു ജന്മം-
ഇനിയൊന്നു കൂടി മോഹിച്ചു പോയി ഞാന്‍...
ഓര്‍മ്മകള്‍ തുളുമ്പുന്ന മണ്‍കുടമെന്നില്‍-
സുന്ദരസ്വപ്നങ്ങളായി പീലി വിരിച്ചു...
മഞ്ഞുകണത്തിന്‍ കുളിരില്‍ പൊതിഞ്ഞ്-
വാരിപ്പുണരുമാ ജന്മാന്തരകിനാക്കളെ...

ഒരു മഴസന്ധ്യയില്‍ കൊഴിയുന്ന പൂക്കള്‍-
പെറുക്കി നിറയ്ക്കണം നിന്റെ കൈക്കുമ്പിളില്‍...
തിങ്ങിയ ഇലത്തണലില്‍ തലചായ്ച്ച് പിന്നെയാ-
പരിഭവക്കാടിന്‍ കൊഞ്ചല്‍ കേള്‍ക്കണം...
നിനക്കായ് കൈമാറണം പ്രിയരഹസ്യമപ്പോള്‍...

ഒരു കുളിര്‍ക്കാറ്റിന്‍ സാന്ത്വനത്തില്‍-
പ്രണയമാം മുത്തുകള്‍ മിഴികളില്‍ പെയ്യണം...
ഈറന്‍ നിലാവത്ത്  തൂവുമാ പുഞ്ചിരിയില്‍-
നീയാം പ്രാണന്റെ നാളം തെളിയ്ക്കണം...
ഇടനെഞ്ചില്‍ നിലവിളക്കായി നിറയ്ക്കണം നിന്നെ..

Monday, November 26, 2012

അവള്‍

ഉടഞ്ഞ കുപ്പിവളത്തുണ്ടുകള്‍ മുറിവേല്‍പ്പിച്ച കൈത്തണ്ട...
 
പാതിമയങ്ങിയ പിടയ്ക്കുന്ന മിഴിയിണകളില്‍-
വിരുന്നു വരാന്‍ വെമ്പുന്ന മൃത്യുവിന്‍ കരിനിഴല്‍...


അലസമായിളകുന്ന കുറുനിരകള്‍ മൂളുന്നത്-
ആളൊഴിഞ്ഞ അരങ്ങിന്‍ മൌനസംഗീതം...


വിറയ്ക്കുന്ന ചെഞ്ചുവപ്പാം ചുണ്ടുകളില്‍-
അസ്തമിച്ച രാവിന്‍ പൊട്ടുംപൊടിയും...


ഹൃദയതാളങ്ങള്‍ക്ക് കാറ്റിന്റെ ഗതിവേഗം...

മരവിച്ച മനസ്സിന്‍ ഇടനാഴിയില്‍-
ഉന്മാദത്തിന്റെ ഉഷ്ണവും-
താളം തെറ്റിയ പദചലനവുമായ് അവള്‍...

ഉള്ളിലെ പദ്മതീര്‍ഥത്തില്‍ മുങ്ങിനിവര്‍ന്നപ്പോള്‍-
സ്വന്തമാക്കിയത് വഴുക്കലുകളുടെ നൂറുനുറുങ്ങുകള്‍...


ചിതറിത്തെറിച്ച സ്വപ്‌നങ്ങള്‍ അടുക്കാനാകാതെ-
മോഹിച്ച വഴിമരങ്ങള്‍ക്ക് മുഖംകൊടുക്കാതെ-

മൊഴിയറ്റ നാവും ചിതലരിച്ച ചിന്തകളുമായ് അവള്‍...

അകതാരിലെ കുറുകലുകള്‍ വിതുമ്പലുകളാകുന്നു...

ഹൃദയസത്യങ്ങള്‍ നേരിടാതെ-  
വഴിമുടക്കിയാകുന്ന വിമുഖമാം മനസ്സ്...
ആ പടയോട്ടത്തിന് കടിഞ്ഞാനിടാനാകാതെ-  
ആയുധംനഷ്ടപ്പെട്ട അടര്‍ക്കളത്തില്‍-
പകപോക്കലിന് സ്വയം കീഴടങ്ങി അവള്‍...

Tuesday, November 13, 2012

ഇഷ്ടമാണെനിയ്ക്കെന്നും...

ഇഷ്ടമാണെനിയ്ക്കെന്നും...

ഇളകിമറിയുന്ന തിരമാലകളിലേയ്ക്ക്  താദാത്മ്യം പ്രാപിക്കാന്‍-
ആ അലകളില്‍ എന്റെ നിഴല്‍ച്ചിത്രങ്ങള്‍ തിരയാന്‍...

പ്രഭ ചൊരിയുന്ന ഒറ്റ നക്ഷത്രത്തിന്‍  കൂട്ടില്‍-
ഹൃദയം നുറുങ്ങുന്ന നൊമ്പരങ്ങള്‍ പാടെ മറക്കാന്‍...

നുള്ളിനോവിയ്ക്കാത്ത സ്വപ്നങ്ങളുടെ വിരിമാറില്‍-
നീറുന്ന ഇന്നലെകളെ വകഞ്ഞു മാറ്റാന്‍....

മനസ്സിന്‍ പീലിക്കാവുകളില്‍ കൂടുകൂട്ടിയ കാര്‍മേഘങ്ങളെ കുടിയിറക്കി-
ഇനിയും പെയ്യാത്ത മഴയോട് സ്വയം പരിഭവിയ്ക്കാന്‍...

ഇഷ്ടമാണെനിയ്ക്കെന്നും...

ഒടുവില്‍ എനിയ്ക്കായി മാത്രം പെയ്യുന്ന മഴയെ പുണര്‍ന്ന്‍ ...
കാത് രണ്ടുമടച്ച് ആ ഇരമ്പലില്‍ അലിഞ്ഞു ചേരാന്‍...

വിജനമാം ആ രാവില്‍ മഴപ്പൊട്ടുകളുടെ വലയത്തില്‍-
തുളുമ്പുന്ന സ്നേഹത്തിന്‍ കുളിരില്‍... എല്ലാം മറന്നിരിയ്ക്കാന്‍‍...

Sunday, October 28, 2012

ജീവിതത്തില്‍ നിന്ന് ...


ആ വഴി നടന്നപ്പോള്‍ അറിയാതെ എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. കണ്ണ് നിറയാതിരിയ്ക്കാന്‍  ഒരുപാട് ശ്രമിച്ചു.  മിഴികള്‍ എനിയ്ക്ക് വശംവദരാണ് എന്ന എന്റെ സ്വകാര്യ അഹങ്കാരം ഉടഞ്ഞ ഒരു സന്ദര്‍ഭം പിന്നെയും. മനസ്സ് ചിലമ്പിയാല്‍ മുഖത്തു പ്രകടമാകും എന്നത് എന്നും എന്നെ തളര്‍ത്തിയ കയ്പേറിയ സത്യം.

അറിയാതെ ഞാന്‍ നടത്തം അവസാനിപ്പിച്ച് ആ വഴിയരികില്‍ പരിസരം മറന്നു നിന്നുവോ? അറിയില്ല. മനസ്സ് കൈവിട്ടുപോയ ഒരു നിമിഷം കൂടി..എനിയ്ക്ക് മുന്‍പേ അടര്‍ന്നു വീണ നീര്‍ത്തുള്ളികളെ നിയന്ത്രിയ്ക്കാനും കഴിയുന്നില്ലെനിയ്ക്ക് .  മനസ്സ്  കൈവിട്ട മേനിയെ ദൈവവും കൈവിട്ടുവോ? ഞാന്‍ പിന്നെയും മരിച്ചോ? ഓര്‍ക്കാന്‍ കഴിയുന്നില്ല. അറിയാമായിരുന്നില്ലേ യാത്ര ഈ വഴി തന്നെയെന്ന്.?  മനസ്സില്‍ കൂട്ടിയും കിഴിച്ചും ഒരുപാട് വാദപ്രതിവാദങ്ങള്‍ നടത്തിയിരുന്നില്ലേ ഈ യാത്രയ്ക്ക് മുന്നോടിയായ്? എന്നിട്ടുമെന്തേ തളര്‍ന്നു പോകുന്നു? നിറഞ്ഞ കണ്ണുകള്‍ക്കിടയിലൂടെ  ഞാന്‍ വീണ്ടും അങ്ങോട്ടേക്ക് നോക്കി നിന്നു. അവിടെയാണ്  ഞാന്‍  കൂട്ടിവെച്ച ഒരുപാട് സ്വപ്‌നങ്ങള്‍ പറക്കുമുറ്റാതെ വെന്തുവെണ്ണീറായ നിരാശാഭൂമി... എന്റെ അമ്മ ദഹിച്ചു തീര്‍ന്ന പൊതു ശ്മശാനം.അവിടെ എന്റെ അമ്മ നില്‍ക്കുന്നു. ആ മനം മയക്കുന്ന നറുംപുഞ്ചിരി  എന്റെ ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങി. കല്യാണപ്പുടവയാണ് അമ്മ അണിഞ്ഞിരിയ്ക്കുന്നത് . അമ്മയോടൊപ്പം അവസാനം എരിഞ്ഞടങ്ങിയ പുടവയല്ലേ അത്? 

  "ഞാന്‍ ഒത്തിരി സ്നേഹിയ്ക്കുന്നു ഈ പുടവ."  എന്ന് അമ്മ പണ്ട് പറഞ്ഞിരുന്നപ്പോള്‍ അറിയാതെ എനിയ്ക്ക് അച്ഛനോട് അസൂയ തോന്നിയിരുന്നു. 
"ഈ അമ്മയ്ക്ക് എന്നെക്കാള്‍ കൂടുതല്‍ സ്നേഹം അച്ഛനോടാണല്ലോ."

"ഇഷ്ടങ്ങള്‍ക്ക് നീ അളവുകോല്‍ വയ്ക്കരുത് ." 
എന്ന അമ്മയുടെ സ്നേഹത്തില്‍ പൊതിഞ്ഞ ശാസന ഇന്നും എന്റെ ഹൃദയത്തിലുണ്ട്.  അത് കേട്ടിരുന്നപ്പോള്‍ ആ വാക്കുകളിലെ സ്നേഹതീവ്രത അന്ന് ഞാനറിഞ്ഞിരുന്നില്ല. ഒരു ജന്മം മാപ്പ്. അറിയാതെയെങ്കിലും ആ മനസ്സ് നോവിച്ചെങ്കില്‍... 

 സ്നേഹം എന്നും അമ്മയ്ക്ക് ദൌര്‍ബല്യമായിരുന്നല്ലോ.  നെറ്റിയിലെ ഭസ്മക്കുറിയും സീമന്തരേഖയിലെ സിന്ദൂരവും ആ പട്ടുടയാടയില്‍ അമ്മയെ കൂടുതല്‍ സുന്ദരിയാക്കിയിരിയ്ക്കുന്നു. ആ കവിള്‍ത്തടങ്ങളിലെ നനവ്‌ ഞാന്‍ അവസാനം പകര്‍ന്നു തന്ന ചുംബനങ്ങളുടെ ഓര്‍മ്മകള്‍ നിറച്ചു എന്നില്‍.   "അമ്മേ ..." നെഞ്ചില്‍  കുരുങ്ങി അല്പാല്പമായ്  പുറത്തേയ്ക്ക്  വന്ന ആ വിളി അമ്മ കേട്ടെന്നു തോന്നുന്നു. അതായിരിയ്ക്കും ആ അരികിലേയ്ക്ക് എന്നെ മാടി വിളിച്ചത്.  മെല്ലെ എന്റെ കാലുകള്‍ ആ അടുത്തെത്താന്‍ കുതികൊണ്ടു.  "ഈ കുട്ടി എന്ത് സ്വപ്നം കണ്ടാണ്‌ ഈ ചുടുകാട്ടിലേയ്ക്ക്  കയറിപ്പോകുന്നത്‌, ഭ്രാന്തിയെപ്പോലെ?" . ചെവിയില്‍ കരിവണ്ടിന്റെ മുരള്‍ച്ചപോലെ വാക്കുകള്‍ ഉതിര്‍ന്നു വീണു. അത് കേട്ടു ഞാന്‍ ഞെട്ടിയുണര്‍ന്നു. ലൈറ്റിട്ടു കിടക്കയുടെ അരികില്‍ നിന്ന്  അമ്മയുടെ ഫോട്ടോ എടുക്കുമ്പോഴും ആ സുന്ദര സ്വപ്നത്തില്‍ നിന്നു ഒരിയ്ക്കലും മോചിതയാകാതിരുന്നെങ്കില്‍ എന്ന് ഞാന്‍ മോഹിച്ചു പോയി.  മഴ അപ്പോഴും പെയ്തു കൊണ്ടിരുന്നു. വിടവാങ്ങാന്‍ മടിയ്ക്കുന്ന എന്റെ നൊമ്പരച്ചീളുകള്‍ക്ക് സാന്ത്വനത്തിന്റെ കുളിരമൃതുമായ്‌... 

[ അമ്മയുടെ ഗന്ധത്തിനായ്.. ആ സാമീപ്യത്തിനായ്.. ആ ധൈര്യത്തിനായ്..എത്രയോ രാത്രികളില്‍ ആ ശ്മശാനത്തില്‍  വന്നു അമ്മയെ ഒന്ന് നോക്കിയാലോ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ആ ചിന്തകള്‍ പീലിവിടര്‍ത്തിയപ്പോള്‍ മനസ്സ് കനിഞ്ഞു നല്‍കിയ ഈ കിനാവിനെ ഞാന്‍ വേറെന്തു പേരിട്ടു വിളിയ്ക്കും? ഒരുപാടാഗ്രഹിച്ച എന്റെ മനസ്സിന്  നിര്‍വൃതിയടഞ്ഞ ആ സാമീപ്യം. ഒരല്പ നേരത്തെയ്ക്കെങ്കിലും  "അമ്മേ"   എന്ന് വിളിയ്ക്കാന്‍ അവസരം പകര്‍ന്നു നല്‍കിയ എന്റെ കണ്ണാ... ജന്മാന്തരങ്ങളിലും ഞാന്‍ നിന്നോട് കടപ്പെട്ടിരിയ്ക്കുന്നു. ]

Wednesday, October 24, 2012

നമ്മുടെ ലോകം

അനന്തമായ അക്ഷരസാഗരത്തില്‍ മുങ്ങിനിവര്‍ന്ന് ശേഖരിച്ച മുത്തുകളില്‍ ഏറെയും നിനക്ക് വേണ്ടി ഞാന്‍ കോര്‍ത്തു...വായ്‌ത്താരികളായ്...മൊഴിശകലങ്ങളായ്... പിന്നെയീ താളുകളായ്...  ഏകാന്തതയുടെ തുരുത്തില്‍ നിന്ന് നീ എന്നെ പിച്ച വച്ച് നടത്തിയത് അനിര്‍വചനീയമായ ഈ അക്ഷയഖനിയിലേക്കാണല്ലോ!!!   

ചിലമ്പിയ മനസ്സിന്‍ തണലില്‍ ഇരുന്ന് ..നിന്നിലേയ്ക്ക് താദാത്മ്യം പ്രാപിച്ചു ഞാന്‍ കൂട്ടിയിണക്കിയ ചിന്തകളില്‍ ആ സാന്നിധ്യം എന്നും ഞാന്‍ അറിഞ്ഞിരുന്നു...ഒരു തരം "empathetical approach" അല്ലേ?എപ്പോഴൊക്കെയോ ഞാന്‍ പടം പൊഴിയ്ക്കുന്ന സര്‍പ്പമായ്...മനസ്സിന്‍ ജീര്‍ണതകളും ആകുലതകളും ഉരിച്ചെടുത്ത്  അഭയാര്‍ഥിയെപ്പോലെ നിന്റെ സാന്ത്വനത്തിനായ്  കാതോര്‍ത്തു...

"ബന്ധങ്ങളുടെ നൂലിഴകള്‍ എന്നും നേര്‍ത്തതു തന്നെ "  എന്ന് പറയുന്ന നിന്റെ നറുംപുഞ്ചിരി അപ്പോഴും ഞാന്‍ കണ്ടു, എന്റെ മനസ്സിന്‍ നിലക്കണ്ണാടിയില്‍ വിടര്‍ന്ന സാന്ത്വനമൊട്ടായ് ... സ്നേഹപ്പൊട്ടായ് ...

 " വിരല്‍ത്തുമ്പു കൊണ്ട് പോലും നിന്നെ പ്രണയിക്കുന്നു " എന്ന് പറഞ്ഞ നിനക്ക് വേണ്ടി... പ്രണയത്തിന്റെയും പരിണയത്തിന്റെയും ബഹുമുഖ ഭാഷ്യങ്ങളില്‍... സമവാക്യങ്ങളില്‍ ... എന്റെ വിരല്‍ സ്പര്‍ശമറിഞ്ഞ ഈ ഒരേട്‌ കൂടി കണ്ണാ.. നിനക്കായ്...

Sunday, October 14, 2012

ഇഷ്ടദേവന്‍

വന്യ സൌന്ദര്യത്തില്‍-
നിന്നെ ചമച്ചതും ...
കൊടിയ വൈരൂപ്യത്തില്‍-
നിന്നെ പ്രാപിച്ചതും..
നിത്യമാം മൃതിയില്‍-
നിന്നെ പുല്കിയതും....
നിന്റെ ഇഷ്ടദേവന്‍...

Friday, September 28, 2012

വിരഹാഗ്നിയില്‍ സ്ഫുടം ചെയ്തെടുത്ത ഹൃദയനൊമ്പരങ്ങള്‍

മഴക്കാടുകള്‍ പിന്നിട്ട്-
ഒറ്റമരത്തണലിലെ-
ഇണക്കങ്ങളും പിണക്കങ്ങള്‍ മറന്ന്......
എനിയ്ക്കായി മാത്രം പൂവിട്ട-
വൃക്ഷങ്ങളെയും കടന്ന്...
കൈക്കുമ്പിളില്‍ ചുവന്ന-
റോസാപൂക്കളുമായി...
എന്നരികിലെത്തി നീ...

കണ്മുന്നില്‍ നീയണഞ്ഞപ്പോള്‍-
വാക്കുകള്‍ മറന്ന് ഞാന്‍ നിന്നു...

നീര്‍ വറ്റിയ എന്റെ മിഴിക്കോണുകളില്‍-
ഉരുണ്ടുകൂടിയ ബാഷ്പങ്ങള്‍-
പതിയെ പതുങ്ങിയെത്തിയ മഴ മറച്ചു...

എങ്കിലും നീയറിഞ്ഞിരുന്നു... എന്റെ ഹൃദയനൊമ്പരങ്ങള്‍-
നിന്റെ വിരഹാഗ്നിയില്‍ സ്ഫുടം ചെയ്തെടുത്തത്തവയെന്ന് ... 

Wednesday, September 12, 2012

വിടവാങ്ങല്‍


നിന്റെ കരവലയത്തിനുള്ളില്‍ എന്റെ-
കൈകള്‍ കോര്‍ത്ത്‌ വച്ച്...
നിന്റെ ചുരുള്‍മുടിയില്‍ മെല്ലെ തലോടി...
നിന്റെ ആത്മനൊമ്പരങ്ങളെ-
ഇടനെഞ്ചിലേറ്റ് വാങ്ങി...
നിന്നിളംചുണ്ടിന്‍ അരുണിമയില്‍-
എന്റെ സ്വപ്നങ്ങളുടെ പൂക്കാലം ബാക്കി വച്ച്...
നിന്റെ പ്രണയമൂറുന്ന കണ്ണുകളില്‍ കണ്ണുംനട്ട്.-
അടരാന്‍ വെമ്പുന്ന നീര്‍ത്തുള്ളികളെ  ഉള്ളിലെക്കാവാഹിച്ച്...
സമ്മിശ്രവികാരങ്ങള്‍ പുഞ്ചിരിയില്‍ ചാലിച്ച്..
സീമന്തരേഖയില്‍ നിന്റെ സിന്ദൂരമണിഞ്ഞ്... 
നിന്റെ മടിത്തട്ടില്‍ തലചായ്ച്ച്...
ജനിമൃതികളുടെ ലോകത്ത് നിന്ന്-
എനിക്ക് എന്നന്നേക്കുമായി വിടവാങ്ങണം...
എന്തിനെന്നോ... നിന്റെ പ്രണയിനിയായി... പ്രിയയായി...
മരണത്തിനപ്പുറവും...വരും ജന്മങ്ങളിലും....
നിനക്കായി മാത്രം എന്റെ ജന്മം പങ്കിടാന്‍...

Sunday, August 5, 2012

എന്റെ വീട്

പഴകി ദ്രവിച്ച്, നിറം മങ്ങിയ പൂമുഖപ്പടി
കടന്നെത്തുമ്പോള്‍ എന്‍ സാമ്രാജ്യമായി.
എന്റെ മാത്രം .... അല്ലേയല്ല..,
ഞാനെന്നും സ്നേഹിക്കുന്ന-
എന്റേതും കൂടിയായ വീട്.

കണ്ടുവോ ഞാന്‍ തുളസിത്തറയിലെ-
മണ്‍ചെരാതിന്‍ തിരിയണഞ്ഞിരിക്കുന്നത്-
ഏതോ മഹാദുരന്തത്തിന്‍ മുന്നോടിയെന്നോണം,

തുളസിയോ കരിഞ്ഞുണങ്ങി തന്‍-
 നിസ്സഹായതയില്‍ വിലപിക്കുന്നുവോ?
വാടിക്കരിഞ്ഞു മൃതി കാത്തു കിടക്കുന്ന-
ചെടികള്‍ രാമനാമമോ ജപ്പിക്കുന്നത്,
ശാപമോക്ഷം നേടി ജീവന്‍മുക്തിയടയാന്‍?

തെറ്റിയും അരളിയും പാരിജാതവും,
 എന്തിന് പറയുന്നു, ജമന്തി പോലും-
 ഒരിറ്റു ജലത്തിനായി കേഴുന്നു.

മുറ്റത്തെ മാവും ഇലകൊഴിഞ്ഞു,
സ്വയം കീഴടങ്ങി,
മരണത്തിനായി കാതോര്‍ക്കുന്നു.

തുളസീ വരണമാല്യമണിഞ്ഞു-
 കുസൃതി കളിയ്ക്കാന്‍ ഇനി-
 യൊരു ബാല്യം തനിയ്ക്കില്ലെന്ന്,
പൂജാമുറിയിലെ കണ്ണനും തിരിച്ചറിഞ്ഞുവോ?

നാമജപത്താല്‍ മുഖരിതമാകാന്‍
കൊതിച്ചിരുന്ന ചുവരുകളും-
മാറാല തന്‍ ഒളിത്താവളത്തില്‍-
മൌനം പൂണ്ടിരിക്കുന്നുവോ?

മഹാഭാരതവും, രാമായണവും,
ദേവീഭാഗവതവും,ശിവപുരാണവും
പരാതിപ്പെട്ടി തുറക്കുന്നു,
" ഈ ചിതല്‍പ്പുറ്റില്‍ നിന്ന്
 ഞങ്ങളെ വേര്‍പെടുത്തൂ.. "

ക്ലാവ് പിടിച്ച നിലവിളക്കോ
ദേവനോട് മന്ത്രിക്കുന്നു,
"നീയുമെന്നെ മറന്നോ കണ്ണാ? "

പിന്നെയും അകത്തേയ്ക്ക് കടക്കാന്‍ നിര്‍വ്വാഹമില്ലാതെ,
മരവിച്ചുറഞ്ഞ പാദങ്ങള്‍  പിന്‍വലിയുമ്പോള്‍
അമ്മയുടെ നേര്‍ത്ത തേങ്ങല്‍ പിന്‍വിളിയായോ?

Tuesday, July 31, 2012

പരിഭവം, പ്രണയം, പിന്നെ പരിണയം

വിസ്മൃതിയിലാണ്ട-
ഇന്നലെകളോടുള്ള പരിഭവവും,
കടന്നു പോകുന്ന-
ഇന്നിനോടുള്ള പ്രണയവും,
പ്രതീക്ഷകളാകുന്ന നാളെകളെ-
പരിണയിക്കാം എന്ന മോഹവും,
ബാക്കി നില്‍ക്കേ... വ്യര്‍ഥമാം-
ജീവിതത്തില്‍ വേറെന്തുണ്ട്‌???

Sunday, June 3, 2012

ജൂണ്‍ 15

അകാലത്തില്‍ നഷ്ടപ്പെട്ട എന്റെ അമ്മയ്ക്കായി സമര്‍പ്പിക്കുന്നു... ഞാന്‍  എഴുതുന്നത്  ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന എന്റെ അമ്മയ്ക്ക് വേണ്ടി എഴുതിയ എന്റെ ആദ്യ കവിത...ഒരു പക്ഷെ സ്കൂളില്‍ എപ്പോഴോ കൈവിട്ട ഈ കഴിവിനെ ഓര്‍മിപ്പിക്കാന്‍ അമ്മയും നിമിത്തമായതാണോ എന്നറിയില്ല...ഏതു  ലോകത്തായാലും ഈ കവിത അമ്മയ്ക്ക് ഒരുപാട് ഇഷ്ടപ്പെടും എന്നആത്മവിശ്വാസത്തോടും പ്രാര്‍ത്ഥനയോടും  സമര്‍പ്പിക്കുന്നു...






നിറവെയിലും നനമഴയും അതിര് ചമച്ച-
സ്നേഹാതുരമായ ഇന്നലെകൾ...
കാതോര്ത്ത തൂമരന്ദമായ മൊഴിച്ചിന്തുകൾ ...

വാത്സല്യത്തിന്റെ വസന്തകാലം-
ഒരു ജൂണ്‍ പതിനഞ്ചിന്‍ വിടപറയുമ്പോൾ
ആകുലതകളുടെ കനൽ വിരിച്ച പാതകൾ
എന്നിലേക്ക്‌ വന്നണയുകയായിരുന്നു...

നൊമ്പരങ്ങളുടെ ശ്യാമരാവുകൾ-
നിഴൽക്കാടായെന്നെ മൂടിയപ്പോൾ..
കനൽപൊട്ടുകൾ ഹൃദയാഴങ്ങളിൽ
കാണാമുറിവുകളായി കുരുത്തു...

ഉലയുന്ന കൊലുസിൽ-
പടരുന്ന വേവിൽ-
അടരുന്ന മിഴിനീരിൽ-
തെളിയുന്ന ചെരാതും ശോകാർദ്രം

             * * * *
                     
മനസ്സ് നീറുന്ന സ്മൃതികൾ നീര്ചാലൊഴുക്കുന്ന-
 ഒരു ജൂണ്‍ പതിനഞ്ചു കൂടി......... 

ഓര്‍മ്മനിറവുകള്‍ക്ക്-
ഒരു ദശകത്തിലും പഴക്കം,
എങ്കിലും മായാതെ മറയാതെ നില്‍ക്കുന്നു-
തെളിനീരിന്‍ തെളിമപോലവ...

വിളക്കും ഓട്ടുപാത്രങ്ങളും-
ആണ്ടുബലിയ്ക്കായി ഒരുക്കുമ്പോഴും-
മടങ്ങാന്‍ മടിച്ചെന്‍-
ചിത്തം വര്‍ത്തമാനത്തിലേക്ക്‌...

വിറയാര്‍ന്ന കൈകളാല്‍-‍
അയയ്ക്കാന്‍ മറന്ന-
അമ്മയെഴുതിയ കത്ത്-
ഈ ദിനം പിന്നെയും വായിച്ചു,

മിഴിപ്പൂക്കള്‍ അഹമഹമിഹയാ-
ഉതിരാന്‍ വെമ്പല്‍ കൊള്ളുന്നു ആര്ദ്രമായ് ...

ആ കടലാസിന്‍ ഗന്ധവും വിരല്‍പ്പാടുകളും-
മുറിയാകെ നിറഞ്ഞു നിന്നു,
ജന്മാന്തരകിനാവുകള്‍ നിറച്ച ചഷകംപോല്‍...

ആശുപത്രിക്കിടക്കയില്‍ അമ്മയോടൊപ്പം കിടന്നപ്പോള്‍-
"എന്ന് നമുക്ക് വീട്ടില്‍ പോകാം" എന്ന ചോദ്യത്തിന്നു-
മുന്നില്‍ വാക്കുകള്‍ക്കു വരള്‍ച്ച വന്ന്-
പലവുരു വലഞ്ഞു ഞാന്‍...

ദര്‍ഭപ്പുല്ലിന്‍ മോതിരമണിഞ്ഞ്‌,
തൈരും എള്ളും ചേര്‍ത്ത്-
പിണ്ഡമായ് ബലിച്ചോറുരുട്ടുമ്പോള്‍-
കണ്ഠത്തില്‍ കുരുങ്ങി നിന്നു
അമ്മവാത്സല്യാതിരേകം പണ്ട് വാരിത്തന്ന
അന്നത്തിന്‍ സുഗന്ധ സ്പര്‍ശം...

അമ്മയുടെ പേരും നാളും മരിച്ച തീയതിയും ചൊല്ലി-
'പരേതാത്മാവിന് ശാന്തിയേകുന്നു'എന്നേറ്റു പറയുമ്പോള്‍-
ഒരു ജന്മത്തിലധികം വ്യഥയാല്‍ ചങ്കുപൊട്ടി,
ഗദ്ഗദകണ്ഠത്താല്‍ വാക്കുകള്‍ ഇടമുറിഞ്ഞു,

'ജൂണ്‍ 15-ഉം,ഒന്നാം തീയതിയും,
വെള്ളിയാഴ്ചയും കൂടി വന്ന ശുഭ ദിനേ...'
എന്നെത്ര ആവര്‍ത്തി നിനയാതെ ചൊല്ലിത്തീര്‍ത്തു.
അനന്തരം ഈറന്‍ കൈകള്‍കൊട്ടി-
ബലിക്കാക്കകളെ മാടിവിളിച്ചു,
അവയില്‍ അമ്മ തന്‍ സാദൃശ്യം ഞാന്‍ കണ്ടെത്തി...

ഭാഗവതപാരായണത്തില്‍ ഭവനം മുഖരിതമായപ്പോഴും-
ബന്ധുജനങ്ങള്‍ ആശ്വാസം ചൊരിഞ്ഞപ്പോഴും-
എന്നോ നഷ്ടപ്പെട്ട മനസ്സിന്‍ കടിഞ്ഞാന്‍-
പിന്നെയും തിരഞ്ഞോ ഞാന്‍?

വേദനസംഹാരികള്‍ക്കിടവേള കൊടുക്കുമ്പോള്‍-
 വേദന സഹിക്കാനാവാതെയാ-
മാതൃ ഹൃദയം മൌനമായി തേങ്ങിയോ?
ആ സങ്കടത്തിന്‍ അലകടലിനു കുളിര്‍മ്മയേകാന്‍-
തന്‍ മണിമുത്തങ്ങള്‍ക്ക് കഴിഞ്ഞില്ല-
എന്നത് സത്യമോ മിഥ്യയോ?

'"എന്നെ ഒന്ന് കൊല്ല് മോളേ,പറയുന്ന കേട്ടാല്‍ മതി..."
വേദനയേറുമ്പോള്‍ ചൊരിയുന്ന ഈ അപേക്ഷാവാക്കുകള്‍-
ജന്മജന്മാന്തരങ്ങളില്‍ മനസ്സില്‍-
മാറ്റൊലിക്കൊള്ളുമെന്നോര്‍ത്തുപോയി ഞാന്‍‍ .

മുടി ചീകിയൊതുക്കി വദനത്തില്‍
പൌഡര്‍ ഇട്ട്, നെറ്റിയില്‍ ഭസ്മക്കുറിയിട്ടപ്പോഴുള്ള-
ആ നിറകണ്‍ചിരി അടുത്തണയാന്‍ വെമ്പുന്ന-
മൃതിയെ തോല്പ്പിക്കുമെന്നെന്തോ കൊതിച്ചുപോയി!!!

പിറ്റേന്ന് ഉറക്കമുണരാത്ത നിദ്രയിലും-
ആ നിറകണ്‍ചിരി വാടാതെ നിന്നു,
മൃത്യുവിന്‍ നനുത്ത നൊമ്പരത്തെ തോല്പ്പിച്ചെന്ന പോല്‍ .

മെല്ലെ ജീവസറ്റ ആ മേനിയില്‍ നിന്ന് ഞാന്‍-
വസ്ത്രം മാറ്റുമ്പോഴും ഹൃത്തടം പൊട്ടുമാറുള്ള-
"അമ്മേ" എന്ന നിലവിളി
ആശുപത്രി വരാന്തയില്‍ തട്ടി പ്രതിധ്വനിച്ചുവോ?

മൃദുല കപോലങ്ങള്‍ മെല്ലെ തഴുകുമ്പോഴും
അമ്മ തന്‍ കണ്ണീര്‍ക്കണങ്ങള്‍ തുടയ്ക്കുമ്പോഴും
ആ മാറോട് ചേര്‍ന്ന് നാമംചൊല്ലി കിടക്കുമ്പോഴും
സുകൃതാനുഭൂതിയാല്‍ ഈ പാഴ്ജന്മം-
മാത്രം ബാക്കിയാകുമെന്ന്  എന്തേ ഞാൻ നിനച്ചില്ല???

ആംബുലന്‍സില്‍ നിശ്ചേഷ്ടമായ അമ്മയെ കെട്ടിപ്പിടിച്ചു-
പൊട്ടിക്കരയുമ്പോഴും നിറവേറ്റാന്‍ കഴിയാത്ത ആ-
വാക്കുകള്‍ തന്‍ തീക്ഷ്ണതയില്‍-
മനം കുറ്റബോധത്താല്‍ വെന്തുരുകി,

പിന്നീട് നിദ്ര കയ്യൊഴിഞ്ഞ എത്രയോ രാവുകള്‍ ,
ആ കണ്ണുകള്‍ ഒരു വേള തുറക്കാന്‍‍-
എന്റെ ജന്മം പകരം വെക്കാനും പ്രാര്‍ഥിച്ചു,

അണയ്ക്കാനും അനുഗ്രഹിക്കാനും പഠിപ്പിച്ച ആ-
കൈകള്‍ തന്‍ തലോടല്‍ അപ്പോള്‍ ഞാന്‍ കൊതിച്ചു.

ആ കത്തിന്‍ ബാക്കിയെഴുതാന്‍-
ഇനിയേത് ജന്മം എന്നമ്മയെത്തും?
എഴുതാന്‍ വെമ്പിയ അമ്മമനസ്സിലെ ഒത്തിരി
വിഷാദചിന്തകള്‍ നെയ്തെടുത്തു ഞാൻ.

നൊമ്പരപ്പൂക്കള്‍ നിറച്ച ആ പൂവാടിയില്‍
എന്റെ ഒരായിരം കണ്ണീര്‍പ്പൂക്കള്‍കൂടി...

Saturday, June 2, 2012

If I were a bird


If I were a bird, I will fly and fly and fly
More high and up in the sky with pride
Devoid of dreams about future
Absence of memories about past.
Unable to stand the present to nurture its crooked fate
Enjoying freedom at its peak
Nobody to restrict me with chains
Least bothered of natural calamities
Flying farther and faster till-
wings fail to move  forward.

Sunday, March 25, 2012

മൃത്യു

നറുനിലാവിന്റെ ചന്തമൊന്നില്‍
മനസ്സിടറി നില്‍ക്കവേ
അറിയാതെ മിന്നിയ പുഞ്ചിരി
പ്രകൃതി തന്‍ വരദാനമോ?
മുന്‍ജന്മസാഫല്യമോ?
ഇമകള്‍ വെട്ടിയവള്‍ ഞെട്ടവേ
മിഴികളില്‍ നിന്നും ചിന്തിയ
നീര്‍ത്തുള്ളികള്‍ തന്‍ മുഖമണ്ഡലം
അസ്തമയ അരുണന്റെ ചെന്കിരണങ്ങളാല്‍
വാടിതളര്‍ന്നു പോയോ?
കപോലം മെല്ലെ തഴുകി
വന്നിളംകാറ്റ് താലോലിക്കവേ
അമ്മ തന്‍ സാന്ത്വനം പുനര്‍ജനിച്ചുവോ?
മൃത്യുവിന്‍ മൃദു സ്പര്ശ്നതാലെന്നവണ്ണം
നിത്യസുഷുപ്തിയിലാണ്ടുവോ അവള്‍?