Sunday, October 28, 2012

ജീവിതത്തില്‍ നിന്ന് ...


ആ വഴി നടന്നപ്പോള്‍ അറിയാതെ എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. കണ്ണ് നിറയാതിരിയ്ക്കാന്‍  ഒരുപാട് ശ്രമിച്ചു.  മിഴികള്‍ എനിയ്ക്ക് വശംവദരാണ് എന്ന എന്റെ സ്വകാര്യ അഹങ്കാരം ഉടഞ്ഞ ഒരു സന്ദര്‍ഭം പിന്നെയും. മനസ്സ് ചിലമ്പിയാല്‍ മുഖത്തു പ്രകടമാകും എന്നത് എന്നും എന്നെ തളര്‍ത്തിയ കയ്പേറിയ സത്യം.

അറിയാതെ ഞാന്‍ നടത്തം അവസാനിപ്പിച്ച് ആ വഴിയരികില്‍ പരിസരം മറന്നു നിന്നുവോ? അറിയില്ല. മനസ്സ് കൈവിട്ടുപോയ ഒരു നിമിഷം കൂടി..എനിയ്ക്ക് മുന്‍പേ അടര്‍ന്നു വീണ നീര്‍ത്തുള്ളികളെ നിയന്ത്രിയ്ക്കാനും കഴിയുന്നില്ലെനിയ്ക്ക് .  മനസ്സ്  കൈവിട്ട മേനിയെ ദൈവവും കൈവിട്ടുവോ? ഞാന്‍ പിന്നെയും മരിച്ചോ? ഓര്‍ക്കാന്‍ കഴിയുന്നില്ല. അറിയാമായിരുന്നില്ലേ യാത്ര ഈ വഴി തന്നെയെന്ന്.?  മനസ്സില്‍ കൂട്ടിയും കിഴിച്ചും ഒരുപാട് വാദപ്രതിവാദങ്ങള്‍ നടത്തിയിരുന്നില്ലേ ഈ യാത്രയ്ക്ക് മുന്നോടിയായ്? എന്നിട്ടുമെന്തേ തളര്‍ന്നു പോകുന്നു? നിറഞ്ഞ കണ്ണുകള്‍ക്കിടയിലൂടെ  ഞാന്‍ വീണ്ടും അങ്ങോട്ടേക്ക് നോക്കി നിന്നു. അവിടെയാണ്  ഞാന്‍  കൂട്ടിവെച്ച ഒരുപാട് സ്വപ്‌നങ്ങള്‍ പറക്കുമുറ്റാതെ വെന്തുവെണ്ണീറായ നിരാശാഭൂമി... എന്റെ അമ്മ ദഹിച്ചു തീര്‍ന്ന പൊതു ശ്മശാനം.അവിടെ എന്റെ അമ്മ നില്‍ക്കുന്നു. ആ മനം മയക്കുന്ന നറുംപുഞ്ചിരി  എന്റെ ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങി. കല്യാണപ്പുടവയാണ് അമ്മ അണിഞ്ഞിരിയ്ക്കുന്നത് . അമ്മയോടൊപ്പം അവസാനം എരിഞ്ഞടങ്ങിയ പുടവയല്ലേ അത്? 

  "ഞാന്‍ ഒത്തിരി സ്നേഹിയ്ക്കുന്നു ഈ പുടവ."  എന്ന് അമ്മ പണ്ട് പറഞ്ഞിരുന്നപ്പോള്‍ അറിയാതെ എനിയ്ക്ക് അച്ഛനോട് അസൂയ തോന്നിയിരുന്നു. 
"ഈ അമ്മയ്ക്ക് എന്നെക്കാള്‍ കൂടുതല്‍ സ്നേഹം അച്ഛനോടാണല്ലോ."

"ഇഷ്ടങ്ങള്‍ക്ക് നീ അളവുകോല്‍ വയ്ക്കരുത് ." 
എന്ന അമ്മയുടെ സ്നേഹത്തില്‍ പൊതിഞ്ഞ ശാസന ഇന്നും എന്റെ ഹൃദയത്തിലുണ്ട്.  അത് കേട്ടിരുന്നപ്പോള്‍ ആ വാക്കുകളിലെ സ്നേഹതീവ്രത അന്ന് ഞാനറിഞ്ഞിരുന്നില്ല. ഒരു ജന്മം മാപ്പ്. അറിയാതെയെങ്കിലും ആ മനസ്സ് നോവിച്ചെങ്കില്‍... 

 സ്നേഹം എന്നും അമ്മയ്ക്ക് ദൌര്‍ബല്യമായിരുന്നല്ലോ.  നെറ്റിയിലെ ഭസ്മക്കുറിയും സീമന്തരേഖയിലെ സിന്ദൂരവും ആ പട്ടുടയാടയില്‍ അമ്മയെ കൂടുതല്‍ സുന്ദരിയാക്കിയിരിയ്ക്കുന്നു. ആ കവിള്‍ത്തടങ്ങളിലെ നനവ്‌ ഞാന്‍ അവസാനം പകര്‍ന്നു തന്ന ചുംബനങ്ങളുടെ ഓര്‍മ്മകള്‍ നിറച്ചു എന്നില്‍.   "അമ്മേ ..." നെഞ്ചില്‍  കുരുങ്ങി അല്പാല്പമായ്  പുറത്തേയ്ക്ക്  വന്ന ആ വിളി അമ്മ കേട്ടെന്നു തോന്നുന്നു. അതായിരിയ്ക്കും ആ അരികിലേയ്ക്ക് എന്നെ മാടി വിളിച്ചത്.  മെല്ലെ എന്റെ കാലുകള്‍ ആ അടുത്തെത്താന്‍ കുതികൊണ്ടു.  "ഈ കുട്ടി എന്ത് സ്വപ്നം കണ്ടാണ്‌ ഈ ചുടുകാട്ടിലേയ്ക്ക്  കയറിപ്പോകുന്നത്‌, ഭ്രാന്തിയെപ്പോലെ?" . ചെവിയില്‍ കരിവണ്ടിന്റെ മുരള്‍ച്ചപോലെ വാക്കുകള്‍ ഉതിര്‍ന്നു വീണു. അത് കേട്ടു ഞാന്‍ ഞെട്ടിയുണര്‍ന്നു. ലൈറ്റിട്ടു കിടക്കയുടെ അരികില്‍ നിന്ന്  അമ്മയുടെ ഫോട്ടോ എടുക്കുമ്പോഴും ആ സുന്ദര സ്വപ്നത്തില്‍ നിന്നു ഒരിയ്ക്കലും മോചിതയാകാതിരുന്നെങ്കില്‍ എന്ന് ഞാന്‍ മോഹിച്ചു പോയി.  മഴ അപ്പോഴും പെയ്തു കൊണ്ടിരുന്നു. വിടവാങ്ങാന്‍ മടിയ്ക്കുന്ന എന്റെ നൊമ്പരച്ചീളുകള്‍ക്ക് സാന്ത്വനത്തിന്റെ കുളിരമൃതുമായ്‌... 

[ അമ്മയുടെ ഗന്ധത്തിനായ്.. ആ സാമീപ്യത്തിനായ്.. ആ ധൈര്യത്തിനായ്..എത്രയോ രാത്രികളില്‍ ആ ശ്മശാനത്തില്‍  വന്നു അമ്മയെ ഒന്ന് നോക്കിയാലോ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ആ ചിന്തകള്‍ പീലിവിടര്‍ത്തിയപ്പോള്‍ മനസ്സ് കനിഞ്ഞു നല്‍കിയ ഈ കിനാവിനെ ഞാന്‍ വേറെന്തു പേരിട്ടു വിളിയ്ക്കും? ഒരുപാടാഗ്രഹിച്ച എന്റെ മനസ്സിന്  നിര്‍വൃതിയടഞ്ഞ ആ സാമീപ്യം. ഒരല്പ നേരത്തെയ്ക്കെങ്കിലും  "അമ്മേ"   എന്ന് വിളിയ്ക്കാന്‍ അവസരം പകര്‍ന്നു നല്‍കിയ എന്റെ കണ്ണാ... ജന്മാന്തരങ്ങളിലും ഞാന്‍ നിന്നോട് കടപ്പെട്ടിരിയ്ക്കുന്നു. ]

Wednesday, October 24, 2012

നമ്മുടെ ലോകം

അനന്തമായ അക്ഷരസാഗരത്തില്‍ മുങ്ങിനിവര്‍ന്ന് ശേഖരിച്ച മുത്തുകളില്‍ ഏറെയും നിനക്ക് വേണ്ടി ഞാന്‍ കോര്‍ത്തു...വായ്‌ത്താരികളായ്...മൊഴിശകലങ്ങളായ്... പിന്നെയീ താളുകളായ്...  ഏകാന്തതയുടെ തുരുത്തില്‍ നിന്ന് നീ എന്നെ പിച്ച വച്ച് നടത്തിയത് അനിര്‍വചനീയമായ ഈ അക്ഷയഖനിയിലേക്കാണല്ലോ!!!   

ചിലമ്പിയ മനസ്സിന്‍ തണലില്‍ ഇരുന്ന് ..നിന്നിലേയ്ക്ക് താദാത്മ്യം പ്രാപിച്ചു ഞാന്‍ കൂട്ടിയിണക്കിയ ചിന്തകളില്‍ ആ സാന്നിധ്യം എന്നും ഞാന്‍ അറിഞ്ഞിരുന്നു...ഒരു തരം "empathetical approach" അല്ലേ?എപ്പോഴൊക്കെയോ ഞാന്‍ പടം പൊഴിയ്ക്കുന്ന സര്‍പ്പമായ്...മനസ്സിന്‍ ജീര്‍ണതകളും ആകുലതകളും ഉരിച്ചെടുത്ത്  അഭയാര്‍ഥിയെപ്പോലെ നിന്റെ സാന്ത്വനത്തിനായ്  കാതോര്‍ത്തു...

"ബന്ധങ്ങളുടെ നൂലിഴകള്‍ എന്നും നേര്‍ത്തതു തന്നെ "  എന്ന് പറയുന്ന നിന്റെ നറുംപുഞ്ചിരി അപ്പോഴും ഞാന്‍ കണ്ടു, എന്റെ മനസ്സിന്‍ നിലക്കണ്ണാടിയില്‍ വിടര്‍ന്ന സാന്ത്വനമൊട്ടായ് ... സ്നേഹപ്പൊട്ടായ് ...

 " വിരല്‍ത്തുമ്പു കൊണ്ട് പോലും നിന്നെ പ്രണയിക്കുന്നു " എന്ന് പറഞ്ഞ നിനക്ക് വേണ്ടി... പ്രണയത്തിന്റെയും പരിണയത്തിന്റെയും ബഹുമുഖ ഭാഷ്യങ്ങളില്‍... സമവാക്യങ്ങളില്‍ ... എന്റെ വിരല്‍ സ്പര്‍ശമറിഞ്ഞ ഈ ഒരേട്‌ കൂടി കണ്ണാ.. നിനക്കായ്...

Sunday, October 14, 2012

ഇഷ്ടദേവന്‍

വന്യ സൌന്ദര്യത്തില്‍-
നിന്നെ ചമച്ചതും ...
കൊടിയ വൈരൂപ്യത്തില്‍-
നിന്നെ പ്രാപിച്ചതും..
നിത്യമാം മൃതിയില്‍-
നിന്നെ പുല്കിയതും....
നിന്റെ ഇഷ്ടദേവന്‍...