Monday, February 18, 2013

മഴ മരം...


കഴമ്പില്ലാത്ത കുറുമ്പിന്‍ അടിയൊഴുക്കുകളെ തൊട്ടുണര്‍ത്തിയ നിന്റെ സ്നേഹത്തണല്‍. ശാഖികളില്‍  നിന്ന് ശാഖികളിലേക്ക് പടര്‍ന്നു കേറുന്ന നിന്റെ അടക്കം പറച്ചിലുകള്‍ പരിദേവനങ്ങള്‍ക്ക് വഴിമാറുന്നത്‌ ഞാന്‍ പോലുമെന്തേ അറിയാതെ പോയി? ചിന്തകളുടെ ചില്ലുകൂടുകള്‍ നിനക്ക് മുന്നില്‍ തകര്‍ത്തെറിയപ്പെട്ടപ്പോഴും  ആ കണ്ണുകളില്‍ എന്നും  കൌതുകം മാത്രമായിരുന്നു...ഓരോ പ്രണയ വസന്തവും നിന്റെ  ജരാനരകളെ പിഴുതെറിയുമ്പോഴും ഒരു കാലഘട്ടം തന്നെ നിനക്കായി പുനര്‍ജനിയ്ക്കയായിരുന്നില്ലേ?"നീ ആവാഹിച്ച മനസ്സുകള്‍ എന്നും ഒപ്പമുണ്ടാകും...കര്‍മബന്ധങ്ങള്‍ പോലെ...നീ പോലുമറിയാതെ നിന്നോടൊപ്പം എന്നും".നിന്നെ ആശ്വസിപ്പിയ്ക്കാന്‍ ഞാന്‍ കണ്ടെത്തിയ വാക്കുകള്‍ ഹേ മഴ മരമേ...എന്തേ പാഴ്വാക്കുകളാകുന്നു?  അളന്നുമുറിയാത്ത നിന്റെ മറുവാക്കിന്‍ കൊഞ്ചല്‍ തോരാമഴയിലും മനസ്സില്‍ നിറയുന്നു... ഒരീറന്‍ നിലാവത്ത്  നിന്റെ നനഞ്ഞ പൂക്കള്‍ മഴമണമായെന്നെ ഇറുകെ പുണരണം...ആ മഴ മണത്തിന്റെ ആലസ്യത്തില്‍ ഹൃദയങ്ങള്‍ തൊട്ടുരുമ്മിയൊരു സ്വപ്നക്കൂട്ടില്‍ എനിക്കൊന്നു ഗാഡമായി ഉറങ്ങണം..ഹിതാഹിതങ്ങളുടെ വേവ് പ്രതിഭലിയ്ക്കുന്ന ആലിലമനസ്സുകള്‍ ആവാസയോഗ്യമോ ആവാഹയോഗ്യമോ? ചിന്തകളങ്ങനെ മുറിഞ്ഞു പോകുന്നു...

Wednesday, February 13, 2013

യൂത്തനേഷ്യ

അമ്മ

ദുസ്സഹമെങ്കിലും ഒരു നൊമ്പരച്ചീളും-
പങ്കു കൊടുത്തില്ല..
ഒരു പരിഭവച്ചെപ്പും നിനക്കായി
തുറന്നീല്ലാ...
അറിയതെയെപ്പോഴോ-
ഉരുകുന്നൊരു നിനവില്‍-
തളരുന്നൊരു മേനിയില്‍-
'എന്നെ ഒന്ന് കൊല്ലൂ'
എന്ന് കേണു തുടരെ...
അവസാനിയ്ക്കുമീ ജന്മമെങ്കിലങ്ങനെ-
മനസ്സ് നിറഞ്ഞൊന്നു മോഹിച്ചു പൊയീ...

ഞാന്‍

മെല്ലെ കുസൃതിയിലരികിലണഞ്ഞതും..
കൊച്ചരിപ്പല്ലുകള്‍ കാട്ടി ചിരിച്ചതും..
കുഞ്ഞിളം ചുണ്ടുകള്‍ പാല്‍മണം കൊതിച്ചതും...
പതിയെച്ചിണുങ്ങി 'അമ്മേ' വിളിച്ചതും...
മുട്ടിയുരുമ്മി നിന്ന് പൊന്നുമ്മ വച്ചതും...
ഇന്നലെയോ മിനിഞ്ഞാന്നോ?
പതം പറയുന്നു പതിയെ ഈ മനസ്സിന്‍ മുളങ്കാട്‌... 

നക്ഷത്രമായാ അമ്മയോട് ഞാനിന്ന്
ഏറ്റുപറയുന്നുവീ ഹൃദയത്തിന്‍ മുറിവ്...
"ക്ഷമിച്ചു" എന്നൊരു വാക്കിനായി-
ഞാനെന്നും ജന്മങ്ങള്‍ തോറും കാത്തിരിയ്ക്കാം...
എങ്കിലും ഒരു മാത്ര പോലും എനിക്കാകില്ലയാ-
വാത്സല്യം കിനിയും അമ്മ തന്‍ ജീവസ്സുടയ്ക്കാന്‍...
ഏതൊരു യൂത്തനേഷ്യയും ന്യായമാണോ-
വേദന നീര്‍ച്ചാലിലകപ്പെട്ടവര്‍-
നമ്മള്‍ തന്‍ ഹൃദയത്തിന്‍ ഭാഗമെങ്കില്‍..?
ഉറക്കം കെടുത്തുമീ മുഴങ്ങും വചസ്സുകള്‍-
ഒടുങ്ങുമെന്‍ ചിതയെനിക്കേറെയിഷ്ടം..