Thursday, September 25, 2014

പ്രണാമം..... നിന്റെ അകമഴിഞ്ഞ സ്നേഹത്തിന്...


കണ്ണേ...വിട...

രൂപാന്തരങ്ങൾ നിന്നെ
പറവയാക്കി...
മരണവിധിയുമുറപ്പാക്കി...

നിന്റെ നെഞ്ചിൻ-
അവസാനപ്പെടപ്പറിഞ്ഞ
കൈകൾ തളർന്നിരിക്കുന്നു...

കണ്ഠത്തിലിറങ്ങിയ ഒരിറ്റ്‌-
ജലമെങ്കിലും സാന്ത്വനമേകിയോ?

നിന്നെ തലോടിയിരുന്ന-
വിരലുകൾ വിറപൂണ്ടിരിക്കുന്നു...

ശിരസ്സ്‌ കൂമ്പി ചെമന്ന മിഴികളടച്ച്
നീ മൃത്യു പുണർന്നു...

അരുത് എന്ന് പറയാനാകാതെ-
ചിറകുകൾ മാറോടടക്കി ഞാനും...

ഇനി ഏതു ജന്മം നീ പറവയാകും?
അന്ന് നിന്റെ ഓർമകളുടെ അതിരുകളിൽ-
തിരിനീട്ടാൻ ഞാനുണ്ടാകുമോ?

ചേതനയറ്റയാമേനിയിൽ- 
പൂഴിയമരുമ്പോൾ....
വിങ്ങുമീ ഹൃദന്തം- 
നേരുന്നു യാത്രാമംഗളം... 
 
[മനസ്സിനും മനസ്സിനും  ഇടയിൽ  ശൂന്യസ്ഥലമില്ല....]  
[dedicated to your innocent love...]

Wednesday, September 17, 2014

കാവുകൾ

അന്നൊരു  പകൽവെയിലിൽ-
നീയാം ഹൃദയം മുറിഞ്ഞതും-
പതിതയായതും കനവല്ല കണ്ണേ...

സ്നേഹത്തിൻ പൊരുളുകൾ-
പകർന്ന മഴക്കാടുകൾവർ പണ്ടേ... 
ആത്മാവിൻ മേടുകളിൽ
കൂടുകൂട്ടിയ വനജ്യോത്സ്നകളവർ...
നൊമ്പരങ്ങൾ പെയ്തിറങ്ങിയ-
മനസ്സുകൾക്കാരോമലാം കാവുകളായ്...
കടംകൊണ്ട സ്വപ്നങ്ങൾക്ക്-
കാവൽവിളക്കേന്തും പോരാളികളായ്...
തല്ലിക്കൊഴിച്ചവർക്കനുനിമിഷവും-
വാൽസല്യത്തിൻ ജനനിയായവർ...
എങ്കിലും മൗനഗീതങ്ങളിലൊടുങ്ങിയ-
നിന്റെ പ്രാണൻ കാക്കാനിന്നാരുണ്ട്?

Tuesday, August 19, 2014

യാത്രാദാനം

ജന്മസംഗമത്തിൻ ശിഖരങ്ങളിൽ-
ചിറകുരുമ്മുന്ന പിതൃക്കൾക്ക്...

ഓർമകളുടെ ഗർഭഗൃഹത്തിൽ-
ചിതകൂട്ടാനിട്ട പിൻവിളികൾക്ക്...

വാത്സല്യത്തിന്റെ ഓമനച്ചുണ്ടുകൾ
പറയാതെ പറയുന്ന ഇംഗിതങ്ങൾക്ക്...

സ്നേഹത്തിന്റെ ഇലചാർത്തിൽ-
വിരുന്നൂട്ടിയ നിറമനസ്സുകൾക്ക്...

പാതിമെയ്യുടെ ജ്വരഗന്ധങ്ങളിൽ-
പെറ്റുപെരുകിയ പ്രണയതൃഷ്ണകൾക്ക്...

ശരിതെറ്റുകളുടെ തപോവനത്തിൽ-
അടരാടിയ കല്പിതധാരണകൾക്ക്...

മരണഗന്ധമാവാഹിക്കാൻ-
കുതികൊള്ളുന്ന ചന്ദനമരങ്ങൾക്ക്...

സർവ്വതിനും ഒരു യാത്രാദാനത്തിന്റെ
ധന്യത പകരാതെ വയ്യ....

ഇതി ബ്രാഹ്മമുഹൂർത്തത്തിൽ ശുദ്ധമായ്-
തിരിയേഴും തെളിയുന്നൊരു
വിളക്ക്നാളത്തിൽ-
നിർത്താതെ ഉരുവിടുന്ന
ഗീതാശകലങ്ങളിൽ-
ഒരു തഴപ്പായിലിരുന്ന്-
നിശ്ചയിച്ച സമയത്തിൽ-
പ്രാണനാം അമൂല്യഗ്രന്ഥങ്ങ-
ളൊന്നൊന്നായി കൈമാറി...
ഈ യാത്രാദാനത്തിന്റെ നിവേദ്യം-
തലമുറകൾക്ക് പകരണമെന്നോതി ...
ക്ഷരമില്ലാത്ത അക്ഷയഖനികളുടെ-
അവകാശം വിട്ടുകൊടുത്തു... 

ഇനി വിട പറയാതെ വയ്യ...
ചിന്താശകലങ്ങൾ പടിയിറങ്ങുന്നു.
ദേവി മാപ്പ്....

നാളെയുടെ മോഹങ്ങളറുത്ത്-
ആത്മസ്പന്ദനങ്ങൾക്ക്  കാതോർത്തേ  പറ്റൂ...

അഭേദ്യബന്ധനങ്ങളിൽ ഇഴചാലിച്ച-
സുതീവ്രമായ സങ്കല്പങ്ങൾക്ക്-
ഒരായുസ്സിന്റെ പ്രണാമം...

സ്നേഹസ്പർശങ്ങളുടെ വാല്മീകമുടയ്ക്കാൻ-
നാഴികമണി മുഴങ്ങുന്നു....

ആത്മമൌനത്തിന്റെ അകത്തളങ്ങളിൽ-
പവിത്രമായ പ്രണവമന്ത്രധ്വനി .....

ഈ യാത്രാദാനത്തിന്റെ പൂർണതൃപ്തിയിൽ
ദേഹം പഞ്ചഭൂതങ്ങളിലമരണം...

ഇനി സ്നേഹത്തിന്റെ താളുകളിൽ-
ഉറഞ്ഞുകൂടുന്ന അന്ത്യചുംബനങ്ങൾ മാത്രം....

 ****         ****         ****        ****

Thursday, July 31, 2014

കർണവീര്യം

"സാഹചര്യങ്ങളുടെ അനിവാര്യതകൾക്ക്
 ആത്മസൌഹൃദത്തിന്റെ ആഴങ്ങൾക്ക്
 സ്നേഹത്തിന്റെ കർണസ്പർശത്തിനായ് "

കൌന്തേയനെങ്കിലും രാധേയനായ്
സൂര്യപുത്രനെങ്കിലും സൂതപുത്രനായ്...
തിടമ്പേറ്റാൻ കുലമഹിമയും-
ആശിസ്സിൻ അനുപാതവുമേതുമില്ലാതെ
തിരസ്കരണത്തിന്റെ തീനാമ്പുകളും
അവഹേളനത്തിന്റെ അത്യുഷ്ണവും
ഊതിക്കാച്ചിയെടുത്ത കർണപർവ്വം.....

വിവേചനത്തിന്റെ കർമ്മക്ഷേത്രങ്ങൾ-
ഉടച്ചുവാർത്തതാവണം കർണവീര്യം....

ഗംഗാനദി അവളുടെ ശാലീനമൌനത്തിലും-
നിന്റെ പരിദേവനങ്ങൾക്ക്  കാതോർത്ത്-
ഹൃദയവ്യഥകളെ പകുത്തെടുത്തിരിക്കണം.....

ഒരു സാധൂകരണവും പോരാത്ത-
നിന്നെ ദഹിപ്പിച്ച ആത്മനിന്ദയ്ക്കു മുൻപിൽ-
കന്നിഗർഭത്തിന്റെ, കന്യകാഗർഭത്തിന്റെ
ഭീതിയിൽ മാതൃത്വം വ്രണപ്പെടുത്തിയ കുന്തി

ആത്മശിഷ്യൻ പാർഥനായ് വസുവിനെ-
അവഗണിച്ച ദ്രോണരോ ഗുരുശ്രേഷ്ഠൻ?

എങ്കിലും പാർഥനും പൂകാത്ത-
മഹാരഥിയുടെ ചാതുര്യം നിനക്ക് സ്വന്തം...

പഞ്ചപാണ്ഡവ പത്നിയെങ്കിലും കൃഷ്ണയുമീ-
സീമന്തപാണ്ഡവനെ പൊള്ളിച്ചതല്ലേ?

നിയതിയുടെ ഒടുങ്ങാത്ത ജ്വാലാ-
മുഖങ്ങളിലും അജയ്യനായ യുഗപുരുഷൻ.

ധർമ്മാധർമ്മങ്ങളുടെ അപഗ്രഥനങ്ങൾക്കുമപ്പുറം-
അപമാനഭാരമേറ്റ ചേതനാമലരുകൾ

എങ്കിലും കർമപുഷ്പങ്ങളുടെ ആത്മസത്ത നെഞ്ചേറ്റി-
ആജന്മവിഭൂഷകൾ ദാനംചെയ്തവൻ  നീ മാത്രം ...

 മരണദൂതിനായ്  കാത്തുകിടക്കുമ്പോഴും-
 ദാനത്തിൻ സല്കീർത്തി എന്തിനു കർണാ നിനക്കനന്തരം?

കെടുതികളുടെ പ്രവാഹമേറ്റ്-
നിരായുധനായ് നീ മൃതിയെ പുല്കിയത്-
കടപ്പാടുകൾ ഭസ്മീകരിക്കാത്ത...
പ്രതിജ്ഞയുടെ കനൽക്കാടില്ലാത്ത....
ഗാഡനിദ്ര മോഹിച്ചാവണം...

Saturday, June 28, 2014

കടൽക്കൊതി

ഒരു തർപ്പണത്തിനാവണം
നിന്നെ അടുത്തറിഞ്ഞത്,

നീലചേല ഞൊറിഞ്ഞു ചുറ്റി-
നീലമിഴികളിൽ മാരിവിൽച്ചന്തം നിറച്ച്-.
നിലീന സൌന്ദര്യത്തിന്റെ തിരി കാട്ടി -
വെള്ളിചിലങ്കയുടെ ചിലമ്പൊലിയായി-
ചുംബനപെരുക്കത്തിന്റെ കടലാഴം തീർത്ത്‌-
"സ്നേഹായനത്തിന് സീമകളില്ലെന്ന് " നീ..

 എൻ അരുമവറ്റുകൾ നിന്നെ ഊട്ടിയപ്പോൾ-
 ബലിയിട്ടു തേങ്ങിയ ഈറൻകൈകളെ-
 കരുതലിന്റെ ഇഴയടുപ്പങ്ങളിൽ പൊതിഞ്ഞതും...
 നോവുകൾ ചാലിച്ച ആത്മാവിൽ-
 കുളിർമുത്തുകളായ്‌  പെയ്തിറങ്ങിയതും...
 വിതുമ്പുന്ന ചുണ്ടുകളിൽ അമ്മിഞ്ഞ ഇറ്റിച്ചതും...
 മനസ്സിൽ കൊരുത്ത കനൽതുണ്ടുടച്ച്-
 താരാട്ടിനീണങ്ങൾ  പകർന്നതും ...
 നീയാം മടിത്തട്ട് സാന്ത്വനം ചൊരിഞ്ഞതും ...
 ഒരു പുലരിയുടെ സ്നേഹവായ്പിലായിരുന്നു....

ഇനി നിന്റെ നിഗൂഡതകളുടെ ആഴമളന്ന്-
നീലരാവിൽ തെളിയുന്ന വെണ്‍ശംഖിനെ-
ഓളപ്പരപ്പിൽ കണ്ടെടുക്കണം...
നിന്റെ പുടവത്തുമ്പിന്റെ-
 വാത്സല്യചൂരേറ്റ് മുങ്ങിതാഴണം...
മാടിമാടി വിളിക്കുന്ന ഓരോ-
തിരയിലും മുഖമമർത്തണം...
ഓർമകളുടെ പൂമുഖപ്പടിയിൽ-
പിടയുന്ന ഹൃദയത്തെ-
നിന്റെ ചുഴികളിൽ ഒളിച്ചുവെക്കണം...
പിന്നിട്ട യാത്ര തൻ വേരറ്റ വഴിയിലുറഞ്ഞ-
ഒരു തരി സ്നേഹം നിനക്ക് വിളമ്പണം...
പ്രാണൻ പൂക്കുന്ന ഓരോ രേണുവും നിന്നിലമരണം...

അങ്ങനെ
" സ്നേഹായനത്തിനൊടുക്കം
  ഒരു കുഞ്ഞുനക്ഷത്രമാകണം... "

Monday, June 9, 2014

കടപ്പാടുകളുടെ മുഴങ്ങുന്ന ശംഖൊലികൾ

ആത്മബന്ധങ്ങളുടെ ചന്ദനഗന്ധത്തിന്
വറ്റാത്ത സാന്ത്വനത്തിന്റെ മാതൃസ്പർശത്തിന്
മുരളീരവമൊടുങ്ങാത്ത ഈറൻ മുളംകാടുകൾക്ക്
പ്രണയം മരിക്കാത്ത ഗുൽമോഹർ തണലുകൾക്ക്...........

ദേവശാപമേറ്റ്‌ കടംകൊണ്ട ജന്മത്തിന്
അരിയ മോഹങ്ങൾ മുളപ്പിച്ച മിഴിയിണകൾക്ക്
മാധവത്തിന്റെ തിരക്കോളുകളുറങ്ങുന്ന മണിച്ചുണ്ടിന്
ജനനിയുടെ ജ്വരഗന്ധങ്ങളെ ആവാഹിച്ച നാസികയ്ക്ക്
നൂറുനൂറു കനവുകളുടെ ചുംബനക്കൊതിയൂറുന്ന നെറുകയ്ക്ക് .......

കർമ്മഭാണ്ഡം പേറുന്ന ശിരോലിഖിതങ്ങൾക്ക്
നരച്ച ചിന്തകൾ പെയ്യുന്ന ആത്മാവിന്റെ ഉള്ളറകൾക്ക്
പ്രാണന്റെ ഈണം മൂളുന്ന ഹൃദയമിടിപ്പുകൾക്ക്
ചിതറുന്ന മനസ്സിനെ എകാഗ്രമാക്കുന്ന ചൂണ്ടുവിരലിന്
ഋതുഭേദങ്ങൾ  തഴുകി തലോടിയ താരുടലിന് ...........

പുഴയോർമ്മകൾ ചാലിചെടുത്ത പാദമുദ്രകൾക്ക്
പിന്നെ ആത്മനിർവൃതിയിൽ പുഷ്പിച്ച കുറുമൊഴികൾക്ക്
ഒടുക്കം സാന്ദ്രരാഗത്തിൽ ചാലിച്ച നീതിവാക്യങ്ങൾക്ക്....
അങ്ങനെ കടപ്പാടുകളുടെ മുഴങ്ങുന്ന ശംഖൊലികളി-
ലുറയുന്ന മനസ്സിന്  ആസന്നനിയോഗങ്ങൾ ജ്വാലകളാകുന്നു...

Saturday, May 3, 2014

ജന്മങ്ങൾ കോർക്കുന്ന ചെമ്പകവാസം

ഏകാന്തതയുടെ ചുരുൾനിവരുമൊരു-
മുഴുനീള കംബളത്തിനുള്ളിൽ ഞാൻ-
നനവാർന്നൊരെൻ വിരൽത്തുമ്പി-
ലൊളിപ്പിച്ച വിസ്മ്രിതിശീലുകൾ തേടവേ...

പെയ്തുതോർന്നൊരു മഴപ്പാട്ടിൻ നിറവ്-
ഒരു പൂവിതൾ ചൊരിയും സായൂജ്യമായി-
ഇടനെഞ്ചിൽ ഇടയ്ക്കിടെ ഒളിവീശവേ-
കരളിൽ പനിനീരായി നിറയവേ...

ചെമ്പകവാസത്തിൽ ജന്മങ്ങൾ കോർക്കുമ്പോൾ-
ആയിരം മിഴിവുമായി അകതാരിൻ-
അരികുപറ്റി കുളിരലയായ് നീ -
എന്നോട് സ്വകാര്യം പറയുന്നു...

പഴിചാരുമീ നുറുങ്ങുസൂര്യനും-
മനസ്സ് ചേക്കേറും സ്നേഹച്ചോടും
നെഞ്ചേറ്റുമൊരു മഴക്കാടും
നീയായി പിന്നെ എന്നിലേക്ക്‌ .

നിറനിലാവിൻ താരാട്ടേറ്റ്...
കുളിർമഞ്ഞിൻ ചിറകിൽ...
നീയാം നിനവ് മോഹമായ് പെയ്യുന്നു...
ഞെട്ടറ്റു വീഴാതെ... അടരാതെ...
മുടിച്ചാർത്തിൽ വിരിയുന്ന-
സ്നേഹസുഗന്ധമായ്  മൂടുന്നു പതിയെ...

ഒരുമിച്ചു മഴ കണ്ട ഇടനാഴിയിൽ-
മൌനം മുറിയുമൊരു സ്വരചെപ്പിലെ-
ഈണങ്ങൾ തോരാത്ത മൂവന്തിപ്പക്ഷിയായ്
പടികടന്നെത്തുന്ന ഋതുരാഗമേ...

മയിൽപീലിക്കാട്ടിലെ സ്മ്രിതിയിഴക്കൂട്ടിൽ-
ഹൃദയം പൂക്കുന്ന നീരാമ്പൽച്ചന്തമായി-
നീഹാരമേഘത്തിൻ കഥ പറഞ്ഞ്-
ഒരു മഴക്കാലം വീണ്ടും കടംതരുമോ?

പാര്‍വ്വണം ചോപ്പിച്ച കടലെന്നിലിളകുമ്പോ-
മിഴിയിതൾ തൂവാതെ... ചാരുത ചോരാതെ-
ആവണിത്തെന്നലായി നീ അണയില്ലേ?
പ്രിയഗാനം മൂളാൻ... നീ വരില്ലേ?