Tuesday, August 19, 2014

യാത്രാദാനം

ജന്മസംഗമത്തിൻ ശിഖരങ്ങളിൽ-
ചിറകുരുമ്മുന്ന പിതൃക്കൾക്ക്...

ഓർമകളുടെ ഗർഭഗൃഹത്തിൽ-
ചിതകൂട്ടാനിട്ട പിൻവിളികൾക്ക്...

വാത്സല്യത്തിന്റെ ഓമനച്ചുണ്ടുകൾ
പറയാതെ പറയുന്ന ഇംഗിതങ്ങൾക്ക്...

സ്നേഹത്തിന്റെ ഇലചാർത്തിൽ-
വിരുന്നൂട്ടിയ നിറമനസ്സുകൾക്ക്...

പാതിമെയ്യുടെ ജ്വരഗന്ധങ്ങളിൽ-
പെറ്റുപെരുകിയ പ്രണയതൃഷ്ണകൾക്ക്...

ശരിതെറ്റുകളുടെ തപോവനത്തിൽ-
അടരാടിയ കല്പിതധാരണകൾക്ക്...

മരണഗന്ധമാവാഹിക്കാൻ-
കുതികൊള്ളുന്ന ചന്ദനമരങ്ങൾക്ക്...

സർവ്വതിനും ഒരു യാത്രാദാനത്തിന്റെ
ധന്യത പകരാതെ വയ്യ....

ഇതി ബ്രാഹ്മമുഹൂർത്തത്തിൽ ശുദ്ധമായ്-
തിരിയേഴും തെളിയുന്നൊരു
വിളക്ക്നാളത്തിൽ-
നിർത്താതെ ഉരുവിടുന്ന
ഗീതാശകലങ്ങളിൽ-
ഒരു തഴപ്പായിലിരുന്ന്-
നിശ്ചയിച്ച സമയത്തിൽ-
പ്രാണനാം അമൂല്യഗ്രന്ഥങ്ങ-
ളൊന്നൊന്നായി കൈമാറി...
ഈ യാത്രാദാനത്തിന്റെ നിവേദ്യം-
തലമുറകൾക്ക് പകരണമെന്നോതി ...
ക്ഷരമില്ലാത്ത അക്ഷയഖനികളുടെ-
അവകാശം വിട്ടുകൊടുത്തു... 

ഇനി വിട പറയാതെ വയ്യ...
ചിന്താശകലങ്ങൾ പടിയിറങ്ങുന്നു.
ദേവി മാപ്പ്....

നാളെയുടെ മോഹങ്ങളറുത്ത്-
ആത്മസ്പന്ദനങ്ങൾക്ക്  കാതോർത്തേ  പറ്റൂ...

അഭേദ്യബന്ധനങ്ങളിൽ ഇഴചാലിച്ച-
സുതീവ്രമായ സങ്കല്പങ്ങൾക്ക്-
ഒരായുസ്സിന്റെ പ്രണാമം...

സ്നേഹസ്പർശങ്ങളുടെ വാല്മീകമുടയ്ക്കാൻ-
നാഴികമണി മുഴങ്ങുന്നു....

ആത്മമൌനത്തിന്റെ അകത്തളങ്ങളിൽ-
പവിത്രമായ പ്രണവമന്ത്രധ്വനി .....

ഈ യാത്രാദാനത്തിന്റെ പൂർണതൃപ്തിയിൽ
ദേഹം പഞ്ചഭൂതങ്ങളിലമരണം...

ഇനി സ്നേഹത്തിന്റെ താളുകളിൽ-
ഉറഞ്ഞുകൂടുന്ന അന്ത്യചുംബനങ്ങൾ മാത്രം....

 ****         ****         ****        ****