Saturday, September 19, 2015

Reinventing myself by reliving in those rare moments......

ഒരു വണ്ടിച്ചക്രത്തിന്റെ  ഇനിയും മായാത്ത അടയാളങ്ങളിൽ...ആ സ്മൃതി മുദ്രകളിൽ ഞാനെന്റെ പോയ ജന്മം ചികഞ്ഞെടുത്തു.. ഒരു മാറ്റവും കാണാത്ത ഞാൻ അറിഞ്ഞ എന്നെ അറിഞ്ഞ കഴിഞ്ഞ കാലത്തെ അതേ മനസ്സുകളാവണം എന്നെ തിരിച്ചറിവിലേക്ക് നയിച്ചത്...ഓർമനിറവിൽ.. ഭാഷണങ്ങളിൽ ആ പഴയ ഗന്ധവും താളവും അതേപടി ഉണ്ട്. പിന്നെ ആ മിഴിയിണകളിൽ അധരസിന്ധൂരത്തിൽ നാസികത്തുമ്പിൽ  സ്നേഹാംബരത്തിന്റെ കളഭക്കൂട്ട് നിറഞ്ഞും ആ വാത്സല്യച്ചൂട്‌  ആവാഹിച്ചും അരുമ തലോടലിൽ നിർവൃതിയടഞ്ഞും ഞാൻ ജന്മങ്ങൾക്കപ്പുറം യാത്ര ചെയ്തു... അപ്പോഴും അണിയിയ്ക്കാൻ മറന്ന ചെമന്ന പൊട്ടും.. മുഖച്ചാർത്തും.. കുങ്കുമച്ചെപ്പും ഞാൻ നെഞ്ചോടു ചേർത്തുവെച്ചിരുന്നു.......Reinventing myself by reliving in those rare moments......

Friday, August 21, 2015

ശവമയമായവൾ 'ഗംഗ'


ജതി കേട്ട് മയങ്ങിയൊരീറൻ കാടിൻ-
മടിയിൽ ജലാർദ്രമായവൾ ശിവപ്രിയ.
മൌനമൂറുമൊരു ഹിമഗിരിമാറിൽ നിന്ന്-
ഭൂമിയണഞ്ഞവൾ ശങ്കരഹിതത്തിനായ്.
ജടയുടെ ജടിലതയിൽ നിന്നുണർന്ന്-
ഉമയ്ക്ക്‌ സപത്നിയായി ഗംഗയായി...
മുടികോതി നിൽക്കുന്ന ദുരയുടെ-
ചിറകിനെ ചെമ്മേ അടർത്തി മാറ്റി നീ..
ഇംഗിതംതുളുമ്പും ജനുസ്സിന് മംഗളമരുളി-
വരണ്ട മണ്ണിൻ വരദാനമായവൾ..
ശിവമയമായൊരകതാരിൻ തുമ്പിൽ-
വശ്യമായ് വിടർന്നൊരു സായൂജ്യമേ നീ ...
ശവമയമായൊരു നരകഗംഗയോ
ആത്മരോദനം പേറും കളങ്കമോ?

(photo courtesy: google)

Saturday, August 15, 2015

ഈ സ്വാതന്ത്ര്യദിനത്തിലെങ്കിലും സ്ത്രീ സ്വതന്ത്രയാണോ?



"സ്ത്രീ ഇന്നും സ്വതന്ത്രയാണോ? അവൾക്ക് അവളുടെ പുരുഷനിൽ നിന്ന് പോലും മാന്യത ലഭിയ്ക്കുന്നുണ്ടോ?" അമ്മയുടെ പഴയ പുസ്തകങ്ങൾക്കിടയിൽ നിന്ന് ഈ ഡയറി കണ്ടെടുത്തപ്പോൾ ഈ താളുകൾ വായിച്ചപ്പോൾ കൌതുകവും സ്നേഹവും  കര കവിഞ്ഞത് പോലെ തോന്നി. ആ ചിന്താശകലങ്ങളെ.. ആ വിരൽസ്പർശമേറ്റ താളുകളെ ഇവിടെ ചേർക്കുന്നു. ചിത്രങ്ങളിൽ നിന്ന് വായിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ആ വാക്കുകളെ അത് പോലെ തന്നെ ഞാൻ ഇവിടെ പുനരാവിഷ്കരിച്ചിട്ടുണ്ട്... ഒരു 'new generation effect'-ഉം ഈ കാര്യത്തിൽ മാത്രം സംഭവിയ്ക്കുന്നില്ല. പൂർത്തിയാകാതെ ബാക്കി വച്ച ആ ചിന്താശകലങ്ങൾ നിങ്ങൾക്കായ് അമ്മയുടെ ഓർമയ്ക്ക് മുന്നിൽ നിറകണ്ണുകളോടെ സമർപ്പിയ്ക്കുന്നു...കാലം മായ്ക്കാത്ത അക്ഷരങ്ങളുടെ തീവ്രതയും നോവും ഞാൻ അറിയുന്നു ഈ താളുകളിലൂടെ.. 32 വർഷത്തോളം ഞാൻ കാണാതെ പോയ നിധിശേഖരം. ..   No words... Miss u so much dear...   







" മാനവസംസ്കാരത്തിന്റെ തുടക്കത്തിലെവിടെയോ  മനുഷ്യന് വീണു കിട്ടിയ പ്രസ്ഥാനമാണ്  'വിവാഹം'. പുതിയ തലമുറയുടെ ഭദ്രത ഉറപ്പാക്കുന്ന കുടുംബ പ്രസ്ഥാനത്തിന്റെ അടിത്തറ. അവിടെ സ്ത്രീയും പുരുഷനും തുല്യ പങ്കാളികളായി. ആ പങ്കാളിത്തം സ്ത്രീയെ കൂടുതൽ സ്വതന്ത്രയാക്കി. അച്ഛനാകാൻ ഒരു പുരുഷനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം. അത് അവൾക്ക് മാന്യത നല്കി. പുതിയ തലമുറയുടെ അമ്മയാകാനുള്ള അവകാശത്തിന്റെ മാന്യത.

                                                                             കാലങ്ങൾ പിന്നിട്ടു. പുരുഷമേധാവിത്വം പല ജീവിത മേഖലകളെയും കീഴടക്കിയപ്പോൾ ഈ മാന്യതയ്ക്ക് മങ്ങലേറ്റു. അതോടൊപ്പം സ്ത്രീധനത്തിന്റെയും  ആചാരാനുഷ്ടാനങ്ങളുടെയും കുടുംബമഹിമയുടെയും  ബന്ധങ്ങൾ കൂടി വന്നപ്പോൾ  സ്ഥിതി ഏറെ വഷളായി. സ്ത്രീ പുരുഷന് അടിമയാണെന്നും മക്കളെ പ്രസവിയ്ക്കാനുള്ള ഒരു യന്ത്രമാണെന്നും കണക്കാക്കപ്പെട്ടു. ഉദ്യോഗസ്ഥകളായ സ്ത്രീകളാണെങ്കിൽ ഇതിൽ നിന്ന് കുറച്ചു വ്യത്യസ്തരാണ്. കാരണം അവർ അധ്വാനിയ്ക്കുന്നു. അതിന്റെ ഫലമായി അല്ലലില്ലാതെ ജീവിയ്ക്കാൻ കഴിയുന്നു. കറവപ്പശുക്കളെപ്പോലെ അവരെ മുതലെടുക്കാം.പുരുഷനോടൊപ്പം വിദ്യാഭ്യാസവും ശമ്പളവും അവൾ പറ്റുന്നു.എങ്കിലും സ്ത്രീ ഇന്നും മാനിയ്ക്കപ്പെടുന്നില്ല. അവൾ അര്ഹിയ്ക്കുന്ന മാന്യത അവൾക്കു കിട്ടുന്നില്ല. എന്നും അവൾ പുരുഷന്റെ അടിമയാകുന്നു. ഈ സ്ഥിതി .മാറിയേ തീരൂ.           'ന സ്ത്രീ സ്വാതന്ത്ര്യമർഹതി' എന്ന വാക്കുകളുടെ പ്രേരണയാണോ?  പ്രത്യേകിച്ചും ഉദ്യോഗസ്ഥ കളല്ലാത്ത വീട്ടമ്മമാരുടെ കാര്യമാണ് ഏറെ കഷ്ടം. അവൾ ഒരു നല്ല വീട്ടമ്മ ചമയണം.വീട്ടുകാർക്കും അയലത്തുകാർക്കും നല്ല അഭിപ്രായം പറയാൻ ഇടയാക്കണം. പക്ഷെ അവളുടെ ഉള്ളിന്റെ ഉള്ളിൽ എന്താണെന്ന് ആരും അറിയുന്നില്ല. അവളുടെ ആശകളെയോ ഭാവനകളെയോ പ്രോൽസാഹിപ്പിക്കാനോ  പോയിട്ട് ഒന്നറിയുവാനോ ഇന്നത്തെ തലമുറക്കാർ ശ്രമിയ്ക്കുന്നില്ല. അതാണ്‌ അവളോട്‌ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത. അടുക്കളയുടെ നാല് ചുവരുകൾക്കുള്ളിൽ അവളുടെ ജീവിതം തളച്ചിടപ്പെടുന്നു. ...."   

Friday, August 14, 2015

ജന്മാന്തരതീരം

മഴമണക്കുന്ന ജന്മാന്തരതീരത്തിൽ -
മാനം തൊടുന്ന ഹൃദയവുമായ്-
പാതിരക്കാറ്റിന്റെ താളലയങ്ങളേറ്റ്‌ -
പോയ മന്വന്തരങ്ങളോടെനിക്ക് മനസ്സ് തുറക്കണം...

നോമ്പ് നോറ്റ  മൗനത്തെ പടിയിറക്കി-
ദേവായനത്തിന്റെ ആത്മമന്ത്രങ്ങളുരുവിട്ട്-
അനുനിമിഷം മാരിവിൽ മാല കോർത്ത്‌-
തുളുമ്പുന്ന വിഹ്വലതകൾ തേനലകളാക്കണം...

ഉണരുന്ന കാട്ടാറിന്റെ സ്മിതമുനകളിൽ-
തെളിയുന്ന വശ്യതക്കൂട്ടടർത്തി  -
തോരാത്ത മിഴികളിൽ നിറച്ച്-
സ്മൃതിമുദ്രകൾക്ക് സാന്ത്വനമാകണം...

മയിലാഞ്ചിക്കാട്ടിലെ സുഗന്ധം ആത്മാവിലൂറുമ്പോൾ
തിരതല്ലിയ മോഹപ്പച്ചകൾ വിരൽത്തുമ്പിലാവാഹിച്ച്-
പൈതൃകം അവകാശപ്പെടാനില്ലാത്ത മണ്‍തരികളിൽ
സമസ്ത നിറക്കൂട്ടുകളും ചാലിയ്ക്കണം...

അന്ന് ഇടനെഞ്ചിലെ വേരുകൾ പകുത്തെടുത്ത ഉയിരും-
അനുസ്യൂതം നുരയുന്ന വിലക്കപ്പെട്ട കളിവാക്കുകളും-
സ്വയം നുകരുന്ന ഏകാന്തതയുടെ വിളുമ്പിൽ-
തട്ടിത്തടഞ്ഞ് അനന്തതയെ പുൽകുന്നുണ്ടാവണം....

Tuesday, July 28, 2015

ആത്മസ്പന്ദനങ്ങൾ


അന്നും ആ പവിഴമല്ലിത്തണലെത്തി..
അനുനിമിഷം തെളിയുന്ന തിമിരജ്വാലയകറ്റാൻ.....

ആത്മസ്പന്ദനങ്ങൾക്ക് കാതോർത്ത്-
അന്തിച്ചുവപ്പിൽ കണ്ണുകൾ കോർക്കുമ്പോൾ-
കർക്കിടകമഴ ആടിത്തിമർക്കുകയായിരുന്നു...

ഓർമപുറ്റിൽ കുരുങ്ങിയ -
കടലാസുതോണിയുലയുമ്പോൾ-
പകുത്തെടുത്ത പകലിരവുകൾ-
മൌനത്തിൻ ബലിക്കല്ലിൽ ഉടഞ്ഞുചിതറുന്നു...

ഒരു തരി നോവ്‌ ചിറകടിച്ചുയരുമ്പോൾ
അമരത്വം പേറുന്നു പ്രാണന്റെ നാളങ്ങൾ...
വേർപെട്ട ദേഹി ചന്ദനച്ചിതയിൽ-
ചെങ്കനലിലുണരുമ്പോൾ-
തപ്തചിന്തയിലിടറും അടയാളപൊട്ടുകൾ
അഗ്നിചാപങ്ങളായുതിരുന്നു...


Tuesday, July 21, 2015

അരിക് ജീവിതങ്ങൾ

ഒരു മഴസന്ധ്യയാണെന്നാണോർമ...
ചില്ലിട്ട അലമാരയിലിട്ട് ഉയിരൂട്ടിയ-
അക്ഷരങ്ങളാണെന്നെ പേരെടുത്ത് വിളിച്ചത്...

തിളച്ചുതൂവിയ വിഹ്വലതകളിലേക്ക്-
ഒഴുകിയിറങ്ങിയ ചന്ദന മനസ്സ്...

അരിക് ജീവിതങ്ങളുടെ മുളങ്കാറ്റിൽ-
സിരകൾ പെരുത്ത് മൌനം കനത്ത്-
ഊർന്ന് വീണ ആകുലതകൾ...

നിർവചനങ്ങൾക്കപ്പുറം-
അതിരുകൾ താണ്ടി-
ബാക്കിവെച്ച കാതങ്ങളിൽ-
കുറുകുന്ന ഹൃദന്തങ്ങൾ...

പിടയുന്ന വഴിക്കണ്ണുകളിൽ-
ഇടറി വീണ വ്യഥകൾ-
ഉരുക്കിയെടുത്ത പാതയോരങ്ങൾ...

അതീന്ദ്രിയചിന്തകളിൽ-
സംഘർഷം കൊരുക്കുമ്പോൾ-
പൊന്നിലഞ്ഞിപ്പൂമണത്തിന്-
കൊതിയ്ക്കുന്ന പുനർജന്മത്തിന്-
ഇനിയും ഒരുപാട് ദൂരം...



Sunday, February 22, 2015

ഏറ്റുപറച്ചിൽ


ഒരു  ചിന്താസരണിയുടെ
അതിരുകളിലുറയുന്ന ഗന്ധം...
പടം പൊഴിക്കുന്ന പകലുകൾ
അറിയുന്നുണ്ടാവണമത് ...
അല്ലെങ്കിൽ  ജന്മസോപാനങ്ങളിലെ
സാലഭന്ജികകളോട് ചോദിക്കാം....
അതുമല്ലെങ്കിൽ ചുവരുകളുടെ
ഒടുങ്ങാത്ത സീൽക്കാരങ്ങൾക്ക് കാതോർക്കാം ....
ഒരു തർപ്പണവും പോരാതെ വരും-
അനുവർത്തിച്ച  ഈ ക്രൂരഹത്യക്ക്...
നിനക്ക് സ്വസ്തി...