Tuesday, July 28, 2015

ആത്മസ്പന്ദനങ്ങൾ


അന്നും ആ പവിഴമല്ലിത്തണലെത്തി..
അനുനിമിഷം തെളിയുന്ന തിമിരജ്വാലയകറ്റാൻ.....

ആത്മസ്പന്ദനങ്ങൾക്ക് കാതോർത്ത്-
അന്തിച്ചുവപ്പിൽ കണ്ണുകൾ കോർക്കുമ്പോൾ-
കർക്കിടകമഴ ആടിത്തിമർക്കുകയായിരുന്നു...

ഓർമപുറ്റിൽ കുരുങ്ങിയ -
കടലാസുതോണിയുലയുമ്പോൾ-
പകുത്തെടുത്ത പകലിരവുകൾ-
മൌനത്തിൻ ബലിക്കല്ലിൽ ഉടഞ്ഞുചിതറുന്നു...

ഒരു തരി നോവ്‌ ചിറകടിച്ചുയരുമ്പോൾ
അമരത്വം പേറുന്നു പ്രാണന്റെ നാളങ്ങൾ...
വേർപെട്ട ദേഹി ചന്ദനച്ചിതയിൽ-
ചെങ്കനലിലുണരുമ്പോൾ-
തപ്തചിന്തയിലിടറും അടയാളപൊട്ടുകൾ
അഗ്നിചാപങ്ങളായുതിരുന്നു...


Tuesday, July 21, 2015

അരിക് ജീവിതങ്ങൾ

ഒരു മഴസന്ധ്യയാണെന്നാണോർമ...
ചില്ലിട്ട അലമാരയിലിട്ട് ഉയിരൂട്ടിയ-
അക്ഷരങ്ങളാണെന്നെ പേരെടുത്ത് വിളിച്ചത്...

തിളച്ചുതൂവിയ വിഹ്വലതകളിലേക്ക്-
ഒഴുകിയിറങ്ങിയ ചന്ദന മനസ്സ്...

അരിക് ജീവിതങ്ങളുടെ മുളങ്കാറ്റിൽ-
സിരകൾ പെരുത്ത് മൌനം കനത്ത്-
ഊർന്ന് വീണ ആകുലതകൾ...

നിർവചനങ്ങൾക്കപ്പുറം-
അതിരുകൾ താണ്ടി-
ബാക്കിവെച്ച കാതങ്ങളിൽ-
കുറുകുന്ന ഹൃദന്തങ്ങൾ...

പിടയുന്ന വഴിക്കണ്ണുകളിൽ-
ഇടറി വീണ വ്യഥകൾ-
ഉരുക്കിയെടുത്ത പാതയോരങ്ങൾ...

അതീന്ദ്രിയചിന്തകളിൽ-
സംഘർഷം കൊരുക്കുമ്പോൾ-
പൊന്നിലഞ്ഞിപ്പൂമണത്തിന്-
കൊതിയ്ക്കുന്ന പുനർജന്മത്തിന്-
ഇനിയും ഒരുപാട് ദൂരം...